Friday, October 14, 2011

ചുവന്ന അവില്‍



M.C.A ക്ക് ജോയിന്‍ചെയ്ത് ദിവസങ്ങള്‍ യാതൊരല്ലലുമില്ലാതെ പോകുന്നകാലം. പക്ഷേ ഒരു കയറ്റതിനൊരു ഇറക്കമുണ്ടെന്നു പറയുന്നതുപോലെ സെമെസ്റ്റര്‍എക്സാം എത്തി. തിയറിഎക്സാം ഒരുപരസ്പര സഹകരണ അടിസ്ഥാനത്തില്‍ (അപ്പുറവും, ഇപ്പുറവും ചോദിച്ചും നോക്കിയും) എഴുതാമെങ്കിലും പ്രാക്ടിക്കല്‍ നമ്മള്‍തന്നെ എഴുതണം (എല്ലാവര്‍ക്കും പ്രത്യേകം ചോദ്യങ്ങളാണ്).

ചെയ്യുന്ന കോഴ്സ്‌ കമ്പ്യൂട്ടര്‍ന്‍റെ തലപ്പത്തെ സംഭവമാണെങ്കിലും കമ്പ്യൂട്ടര്‍ എന്ന സംഭവം ആദ്യമായി കാണുന്നതു കോളേജില്‍വെച്ചാണ്‌.  പ്രാക്ടിക്കല്‍ എക്സാമിന് സി, പാസ്കല്‍ (കമ്പ്യൂട്ടര്‍ ഭാഷകള്‍) എന്നിങ്ങനെ പലതുമുണ്ട് പോലും.

ആര്‍ക്ക്... ആരോട്...

സി റാസ്കല്‍ എന്നു പറഞ്ഞാല്‍ ഒന്നു നോക്കാമായിരുന്നു. ഹോസ്റ്റലില്‍ കുറെയുള്ളതു കൊണ്ടു ഒന്നു നോക്കിയാല്‍ മതിയല്ലോ.

കമ്പ്യൂട്ടര്‍ ഭാഷകള്‍ പഠിക്കണമെന്ന ആഗ്രഹവുമായി എത്തിയതൊരു സിംഹത്തിന്‍റെ മടയില്‍. പഠിക്കണമെങ്കില്‍ ലോജിക്‌ വേണമെന്നു പറഞ്ഞു. ഒരു സാധാരണ കുടുംബത്തില്‍ നിന്നുംവന്ന എന്‍റെകയ്യില്‍ എവിടെ ലോജിക്‌!!! നല്ല ഒന്നാന്തരം കണ്ണൂര്‍ സാധുബീഡി മതിയോ എന്നു ചോദിച്ചുനോക്കി. ലോജികിനു ലോജിക്‌ തന്നെ വേണംപോലും!!!

ഈ കുന്ത്രാണ്ടം എവിടെ കിട്ടുമെന്നു അന്വേഷിച്ചു. തമിഴ്‌നാട്ടില്‍ നിയമപരമായി ലോജിക്‌വ്യാപാരം നിരോധിച്ചിട്ടുള്ളതിനാല്‍ അത് സ്വയം ഉല്‍പ്പാദിപ്പിക്കണം പോലും. വിത്തുനട്ട്, വെള്ളമൊഴിച്ചു, വളങ്ങള്‍ വാരിവിതറി വിരിയിപ്പിച്ചെടുക്കാനുള്ള സമയമില്ല. അവസാനം തഴക്കവും പഴക്കവുമുള്ള ലോജിക്‌കര്‍ഷകര്‍ പറഞ്ഞു. മനപ്പാഠം ആക്കുക.

പ്രാക്ടിക്കല്‍ റക്കോര്‍ഡിലുള്ള 30 ചോദ്യങ്ങളില്‍ ഏതെങ്കിലും 2 മാത്രമേ വരൂ. ഇതിപ്പോ ഹിന്ദുസ്ഥാനി സംഗീതം പഠിക്കേണ്ട... ലളിതസംഗീതമായാലും മതിയെന്നു പറഞ്ഞപോലെയായി. സംഭവം കട്ടി കുറഞ്ഞെങ്കിലും പഠിക്കണം. അതിനും ഒരു സിംഹവും, മടയും ഒക്കെ വേണം.  

സന്തതസഹചാരിയായ അനീഷ്‌ കുറച്ചൊക്കെ വിവരം വെച്ചു തുടങ്ങിയതിനാലും. ലവനെ ആരും സിംഹമായി കണക്കാക്കാഞ്ഞതിനാലും ലവനെ ഞാനൊരു പുലിയാക്കി (അവന്‍ സിംഹത്തിനുള്ള ആളില്ല). സാഹചര്യമാണല്ലോ എലിയെ പുലിയാക്കുന്നത്.

അല്ലേലും ഒരുത്തനെ നമ്മള്‍ ഉയര്‍ത്തിക്കൊണ്ട് വന്നാല്‍പ്പിന്നെ കുറെപ്പേരു സപ്പോര്‍ട്ട്‌ തരും. ഇവിടെയുമെത്തി സപ്പോര്‍ട്ട്. ഒരുത്തനും കൂടെ ശിഷ്യപ്പെട്ടു. മനീഷ്‌ (ഇവനെപ്പറ്റി വളരെ വിശദമായി അടുത്ത പോസ്റ്റില്‍ പറയാം. അതിനുള്ള കോപ്പുണ്ട്).

ഞങ്ങള്‍ കാരണം കോളജിന്‍റെ പേരു നശിക്കുമെന്നു മനസിലായ അധികൃതര്‍ ഒരു ഓഫര്‍ തന്നു. പ്രാക്ടിക്കല്‍ എക്സാമിനു തലേന്നുള്ള രണ്ടു രാത്രികളിലും പ്രാക്ടിക്കല്‍സ് ചെയ്തു നോക്കാം.

അങ്ങിനെ ഗുരുപ്പുലിയും ശിഷ്യപ്പീറകളും പഠനം തുടങ്ങി. അവിടെയുമിവിടെയുമൊക്കെ എന്തൊക്കെയോ തൂക്കിയിട്ട പോലെയൊരു ഭാഷ. ആദിവാസികളുടെ ഭാഷ പോലുമിതിലും ഭേദം. ഭാഷയാണത്രെ ഭാഷ.

പഠിക്കാതെ തരമില്ല. M.C.A ക്കാരനായെ തിരിച്ചുവരൂയെന്നു നാട്ടിലും വീട്ടിലും പറഞ്ഞുപോയി.

കമ്പ്ലീറ്റ്‌ പെണ്‍കൊടികള്‍ രാത്രിമുഴുവന്‍ ലാബില്‍ സന്നിഹിതരായിട്ടും ഒരു ഉള്‍പ്പുളകവും തോന്നിയില്ല. കാരണം M.C.A പാസ്സായില്ലെങ്കില്‍ ഭാവിയില്‍ ഒരു പെണ്‍കൊടിക്കും നമ്മളോടോരു ഉള്‍പ്പുളകവും തോന്നില്ലയെന്ന ചിന്ത തന്നെ.

അതിന്‍റെയിടയില്‍ അരോചകമായത് ഞങ്ങളുടെ ഒരു സീനിയര്‍. ഒരു ജോസഫ്‌ അലക്സ്‌. ലവന്‍റെ യഥാര്‍ത്ഥ പേരല്ല. എന്തെന്നാല്‍ ലവന്‍റെ പേരു കേള്‍ക്കുന്നതേ എനിക്കു കലിപ്പാണു.

പാണ്ടു പിടിച്ചവന്‍റെ കളറും, 5 ഇഞ്ച്‌ കനത്തിലുള്ള ഒരു സോഡാകണ്ണടയും, പറിഞ്ഞയൊരു ചിരിയും, പിന്നെ ഇംഗ്ലീഷും. ഇതൊക്കെയായിരുന്നു അവന്‍റെ പ്രശ്നങ്ങള്‍. നല്ല കളര്‍ ഉള്ളവനെയും, ഇംഗ്ലീഷ് പറയുന്നവനെയും എനിക്കു ജന്‍മനാ കലിപ്പാണു. 

ആവശ്യത്തിനും അനാവശ്യത്തിനും "യു സീ...", "നെവേര്‍ദലെസ്സ്..." മുതലായ വാക്കുകള്‍ വാരിവിതറികൊണ്ടിരിക്കും. തൊലിവെളുത്താസ് പെണ്ണുങ്ങള്‍സ് അക്രാന്തോസ് മാനിയ എന്ന അപൂര്‍വരോഗത്തിനടിമ.

ഇഷ്ടന് എന്‍റെ ക്ലാസ്സിലെ ഒരു പെണ്‍കൊടിയോട് ഭയങ്കര ലപ്പ് (ഒരു സൈഡിലേക്ക് മാത്രം) ആയിരുന്നു. ലവള്‍ക്കു ലവനെ കാണുന്നതുതന്നെ ഷക്കീലപ്പടം കാണാന്‍ പോയവനു അടൂരിന്‍റെ പടം കാണേണ്ടിവന്നതു  പോലെയും.ഈപ്പറഞ്ഞവള്‍ എന്‍റെ കമ്പനിയായതിനാല്‍ ലവനു എന്നെക്കാണുന്നതും നേരത്തെ പറഞ്ഞപോലെ തന്നെ. അങ്ങിനെ പടം കാണേണ്ടി വന്നവന്‍ അടൂരിന്‍റെ തന്തക്കു വിളിക്കുന്നത്‌ പോലെ എന്നെക്കാണുമ്പോഴെല്ലാം ലവന്‍ "യു സീ... യുവര്‍ തന്ത നെവേര്‍ദലെസ്സ്..." എന്നു പറഞ്ഞുകൊണ്ടിരുന്നു.

അങ്ങിനെ പഠനം (മനപ്പാഠം) തകൃതിയായി പുരോഗമിച്ചു. ആകെയൊരു വൈക്ക്ലബ്യം തമിഴ്നാട്ടിലെ ചൂട്. തമിഴ്നാട്ടിലെത്തന്നെ ഏറ്റവും ചൂടുള്ള സ്ഥലങ്ങളിലൊന്നാണ് ഞങ്ങള്‍ പഠിക്കുന്ന ഈറോഡ്‌. അസഹനീയമായ ചൂടിനൊപ്പം വിയര്‍പ്പും അതിലേറെ രാവിലെമുതല്‍ പ്രധാനഭാഗങ്ങളെ താങ്ങിനിര്‍ത്തുന്ന വസ്ത്രഭാഗം നനഞ്ഞതിലുള്ള വൈക്ക്ലബ്യവും. 

വൈക്ക്ലബ്യവികാരം മൂര്‍ച്ചിച്ചപ്പോള്‍ ജസ്റ്റ്‌ ഫോര്‍ എ ചേഞ്ച്‌ ലാബിനു പുറത്തിറങ്ങി. അപ്പോള്‍ എന്നെക്കാളും മുന്‍പേ ചേഞ്ച്‌ മേടിക്കാന്‍ വന്ന എന്‍റെ ഗുരുവും, സഹശിഷ്യനും പുറത്ത്. നല്ല ഇരുട്ടത്ത് മാറിനിന്നു ആത്മാവിനു പുകകൊടുക്കുന്നു.

ആകെ വിഷാദഭാവം തളംകെട്ടിയ എന്‍റെ മുഖം കണ്ട ഗുരു ചോദിച്ചു. "എന്താ സുബറെ!!! നിനക്കെന്താ ഒരു മൂഡ്‌ഓഫ്‌"... ചൂടു കാരണം മൂടു മുഴുവന്‍ നനഞ്ഞു ഓഫായ കാര്യം ഞാന്‍ പറഞ്ഞു. അപ്പോള്‍ വീണ്ടും പുച്ഛത്തില്‍ പൊതിഞ്ഞ ഉപദേശം. "നിനക്കു പ്രാന്താടെ പാതിരാത്രിയില്‍ ഇതുമിട്ടിരിക്കാന്‍???".

ഞാന്‍ കണ്ണുമിഴിച്ചു നിന്നു. എനിക്കു ലഭ്യമായിട്ടുള്ള മറ്റു ലൈഫ് ലൈന്‍സ്‌ ഏതൊക്കെയെന്നറിയാതെ. അപ്പോളതാ വരുന്നു ഒരാളുടെ പോക്കറ്റില്‍ നിന്നും ഒരു ജോക്കി ഫാഷന്‍..‍. അടുത്തവന്‍റെ പോക്കറ്റില്‍ നിന്നും അംബര്‍ ഇലാസ്റ്റിക്!!!

തമിഴ്നാട്ടില്‍ പാതിരാത്രിയായാല്‍ ഇതു പോക്കെറ്റിലാണ് ഇടേണ്ടതെന്നു അന്നു മനസിലാക്കി. ഞാനുമൊട്ടും സമയം പാഴാക്കാതെ നിയമം പാലിച്ചു. വിഐപി ഫ്രെഞ്ചി ഇപ്പൊ കയ്യില്‍.

ജയില്‍മോചിതനായി ഇറങ്ങുന്നയാല്‍ ആദ്യംതന്നെ കൈകള്‍ വിരിച്ചു ശുദ്ധവായു എടുക്കുന്നതിന്‍റെ ഗുട്ടന്‍സ്‌ അന്നെനിക്കു മനസിലായി. സ്വാതന്ത്ര്യത്തിന്‍റെ ആദ്യവികാരം. തണുപ്പു കൂടിപ്പോയോ എന്നൊരു സംശയം.

പാന്‍റ്സ് ടൈറ്റ് ആയതിനാല്‍ പോക്കെറ്റിലിടല്‍ നടന്നില്ല. പകരമൊരു പ്ലാസ്റ്റിക്‌കവര്‍ സംഘടിപ്പിച്ചു സംഭവം ചുറ്റിക്കെട്ടി. എത്രയും വേഗം പ്ലാസ്റ്റിക്‌ കവര്‍ അനീഷിന്‍റെ ബാഗില്‍ വെക്കണം. ഞാന്‍ ലാബിലേക്ക്. ആത്മാവിനെ പുകക്കുന്നവര്‍ എല്ലാം പുകച്ചു പുറത്തുചാടിച്ചു തിരിച്ചു വന്നു. 

കഷ്ടകാലത്തിനു അനീഷും ബാഗും ഒരു അരഭിത്തിയുടെ അപ്പുറം. ഞാന്‍ ഇപ്പുറവും. അവനെത്തിയതും വിഐപി ബാഗ്‌ ഞാനവനു കൊടുത്തു.

അവനതു വാങ്ങുന്നതിന് മുന്‍പു ഒരു നെവേര്‍ദലെസ്സ് അക്ക്രോശം. മിസ്റ്റര്‍ ജോസഫ്‌ അലക്സ്‌. 

സോഡാകണ്ണടയില്‍ തുറിച്ച കണ്ണുകളുമായി "എന്തോന്നാടാ കവറില്‍???".

പണി പാളി... ഞാനും അനീഷും, മനീഷും എല്ലാം ഫിനീഷ് ആയി എന്ന രീതിയില്‍ നോക്കി.

അനീഷ്‌ അവസരോചിതമായി പറഞ്ഞു. "അവില്‍ ആണ് ചേട്ടാ (ചെറ്റെ എന്നാണോ എന്നൊരു സംശയം). രാത്രി വിശക്കുമ്പോള്‍ കഴിക്കാന്‍ കൊണ്ടുവന്നതാ..."

ലവന്‍റെ കണ്ണും പിന്നെയും തുറിച്ചു. "ഓഹ്!!! യു മീന്‍ അവില്‍ ദാറ്റ്‌ മേക്സ്‌ ഫ്രം റൈസ്???"

തന്നെടെ തന്നെ... അനീഷ്‌ തലയാട്ടി... 

"നെവേര്‍ദലെസ്സ്... ഗിവ് മി"...

തരാന്‍ ഞങ്ങളുടെ കയ്യില്‍ നെവേര്‍ദലെസ്സ് ഇല്ലല്ലോയെന്ന മട്ടില്‍ ഞങ്ങള്‍ നിന്നു. 

ലവന്‍ കലിപ്പായി. കാരണം പെണ്‍കൊടിയും മറ്റു തൊലിവെളുത്താസ് പെണ്ണുങ്ങള്‍സും സംഭവത്തിലേക്ക് ആകര്‍ഷോസ് ആയി. ലവന്‍റെ അഭിമാനപ്രശ്നമായി. മുഖം കമ്പ്ലീറ്റ്‌ പാണ്ടുവന്നതു പോലെ വെളുത്തു ചുവന്നു.

ഫസ്റ്റ് സെമെസ്റ്ററായത് ഭാഗ്യം. അല്ലെങ്കില്‍ അവന്‍റെ അവിലും മലരും പുറത്തെടുത്തെനെ. 

ആക്രോശേട്ടന്‍ നിമിഷനേരം കൊണ്ടു കവര്‍ കൈക്കലാക്കി. എന്നിട്ട് പെണ്‍കൊടിയെ നോക്കിയൊരു ശ്രിംഗാരവും. "യു സീ... ദിസ്‌ നെവേര്‍ദലെസ്സ് ഫോര്‍ യു".

ഞാനെന്‍റെ നല്ലമനസ് കാരണം പുള്ളിക്കൊരു  അലെര്‍ട്ട് കൊടുത്തു. "ചേട്ടായി... തുറക്കരുത്... മോശമാകും..." 

ലവന്‍ കേട്ടില്ല... തുറന്നു എല്ലാവര്‍ക്കും മുന്നില്‍ മോശായാകാന്‍ തീരുമാനിച്ചു. ...

കുറച്ചു തുറന്നപ്പോള്‍ രക്തസാക്ഷിത്വം അനാവരണം ചെയ്യപ്പെട്ടു തുടങ്ങി.

"എന്താടാ ഈ ചുവന്ന കളര്‍???". വീണ്ടും ആക്രോഷ്‌.

"ചുവന്ന അവിലാണ് ചേട്ടാ..." വീണ്ടും അനീഷ്‌.

"വേണ്ട ചേട്ടാ... തുറക്കെണ്ടാ..." വീണ്ടും ഞാന്‍.

അവസാനം അനിവാര്യമായത് സംഭവിച്ചു. വരാനുള്ളതു വഴിയില്‍ തങ്ങില്ല എന്നാണല്ലോ. തുറന്ന അവില്‍പൊതി നോക്കാന്‍ നില്‍ക്കാതെ അവന്‍  തന്‍പ്രേയസിക്കു വെച്ചുനീട്ടി.

ലാബ്‌ സ്തബ്ദം!!! ഒരു ചുവന്ന, ക്രോസ് വരകളുള്ള ഡിസൈനര്‍ വിഐപി ഫ്രെഞ്ചി!!! പെണ്‍കൊടികള്‍ ആര്‍ത്തു കൂവി. ആണ്‍കൊടികള്‍ അറഞ്ഞു കൂവി. !!!

സ്പെയിനിലെ കാളപ്പോരില്‍ ചുവപ്പുകൊടി കണ്ട കാളകൂറ്റന്‍റെ കലിപ്പോടെ ലവന്‍ എന്നെനോക്കി മുഖം കടുപ്പിച്ചു. ആദ്യമേ പറഞ്ഞതല്ലേ എന്നുള്ള രീതിയില്‍ ഞാന്‍ തിരിച്ചും കടുപ്പിച്ചു. 

അതിനു ശേഷം അവനിതു വരെ "അവില്‍ ദാറ്റ്‌ മേക്സ്‌ ഫ്രം റൈസ്" കഴിച്ചിട്ടില്ല. ഞാനൊട്ടു ചുവന്ന കളസം വാങ്ങിയിട്ടുമില്ല. ആര്‍ക്കുപോയി???


ഞാന്‍ കാരണം അവന്‍റെ പ്രേമം മുടങ്ങിയെന്നു പറഞ്ഞ് കോഴ്സ്‌ തീരുന്നതുവരെ എന്‍റെ തന്തക്കു നെവേര്‍ദലെസ്സ് തന്നുകൊണ്ടിരുന്നു.  

പിന്നേ!!! വേറൊരുത്തന്‍റെ കളസം ഗിഫ്ററ് കൊടുക്കുന്നവനെ ആരു പ്രേമിക്കാന്‍?

No comments:

Post a Comment